കെ.എസ്.ആർ.ടി.സിയുടെ നിയമലംഘനം; കണ്ടെത്താന്‍ പ്രത്യേക പരിശോധന

കെ.എസ്.ആ.ര്‍.ടി.സി ബസുകള്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രത്യേക പരിശോധന. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍, പോത്തന്‍കോട്, വെമ്പായം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത് .

കെ.എസ്.ആ.ര്‍.ടി.സി ബസുകള്‍ വ്യാപകമായി റോഡ് നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഈ പരിശോധന. മഫ്തിയില്‍ യാത്രക്കാരായി ബസുകളില്‍ കയറിയ ഉദ്യോഗസ്ഥര്‍ യാത്രയിലുടനീളം നിയമലംഘനം സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചിരുന്നു.

അപകടകരമായ ഓവര്‍ടേക്കിങ്, ഓവര്‍ സ്പീഡിങ്, ലേന്‍ ട്രാഫിക് പാലിക്കാതിരിക്കല്‍, ഡ്രൈവിങ് സമയത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ ഇടങ്ങളില്‍ പരിശോധന തുടരുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.