വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

നടിയെ പീഢിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയ്ക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. മുന്‍കൂര്‍ ജാമ്യം നല്‍കിയതുമായി ഹൈക്കോടതി നടത്തിയ നിരീക്ഷണത്തില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അതിജീവിതയുടെ കുടുംബം പറഞ്ഞിരുന്നു. വിധി സമൂഹത്തിന് മാതൃകയല്ലെന്നാണ് കുടുംബം പറയുന്നത്. നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് കടുത്ത ഉപാധികളോടെ ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കാന്‍ പാടില്ല, തുടങ്ങിയ ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ നടപടി ക്രമങ്ങള്‍ രഹസ്യമായാണു നടത്തിയത്. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.

മാര്‍ച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണു നടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തന്റെ പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് ഇവര്‍ പീഡനപ്പരാതി നല്‍കിയതെന്നാണ് വിജയ് ബാബുവിന്റെ വാദം.

പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴിയാണ് വിജയ് ബാബു ആവര്‍ത്തിച്ചത്. 40 പേരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തി.