'കോണ്‍ഗ്രസുകാരുടെ ചോര വീണ മണ്ണില്‍ പോയി സി.പി.എം നേതാക്കളുമായി കൈ കൊടുക്കാന്‍ മനസ്സില്ല', വി.ഡി സതീശന്‍

സി.പി.എം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസുകാരെ കൊന്നൊടുക്കിയ കണ്ണൂരിന്റെ മണ്ണില്‍ പോയി സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ മനസ്സില്ലാത്ത ഇടുങ്ങിയ ചിന്താഗതിയാണ് കേരളത്തിലെ കോണ്‍ഗ്രസിന് ഉള്ളതെന്ന് കൂട്ടിക്കോളാന്‍ സതീശന്‍ പറഞ്ഞു. കെ വി തോമസ് കോണ്‍ഗ്രസ് വിരുദ്ധ നിലപാട് എടുക്കില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

‘സി.പി.എം സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസാണ് തീരുമാനിച്ചത്. അവരുമായി സഹകരിക്കേണ്ടതില്ലെന്നതാണ് നിലപാട്. പ്രത്യേകിച്ചും കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍. ഞങ്ങളുടെ എത്ര പേരെയാണ് അവര്‍ കൊലചെയ്തത്. എത്ര പേരുടെ രക്തം വീണ് കിടക്കുന്ന മണ്ണാണ് കണ്ണൂര്‍. ഞങ്ങള്‍ക്ക് അതിന് പറ്റുന്നില്ല. അത്രയൊക്കെ വിശാല മനസേ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനൂള്ളൂ എന്ന് കരുതിയാല്‍ മതി.’

‘ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോര വീണ് കിടക്കുന്ന മണ്ണില്‍ പോയി സി.പി.എം നേതാക്കളുമായി കൈ കൊടുക്കാന്‍ മനസില്ലാത്ത നേതൃത്വമാണ് കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. ഇടുങ്ങിയ ചിന്താഗതിയാണ് ഇക്കാര്യത്തിലെന്ന് ചിന്തിച്ചാലും ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. അതാണ് കേരളത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ്.’ സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി വിനാശകരമായ പദ്ധതിയാണ്. പെന്‍ഷനും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥയില്‍ രണ്ട് ലക്ഷം കോടിയുടെ പദ്ധതി നടപ്പിലാക്കുന്നത് അഴിമതി മാത്രം ലക്ഷ്യം വച്ചാണ്. വികസന വിരുദ്ധതയുടെ തൊപ്പി ഏറ്റവും യോജിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

പകല്‍ മുഴുവന്‍ ബിജെപി വിരോധം പറയുകയും രാത്രി ഇടനിലക്കാരെ വച്ച് സംഘപരിവാറുമായി ഒത്ത് തീര്‍പ്പ് നടത്തുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി.

വികസനമാണ് വേണ്ടത്. വിനാശമല്ല. സില്‍ലര്‍ ലൈനിന്റെ പുറകേ പോകാതെ മുഖ്യമന്ത്രി ഭരിക്കാന്‍ സമയം കണ്ടെത്തണമെന്നും സതീശന്‍ പറഞ്ഞു.