അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ വേണം: വെള്ളാപ്പള്ളി നടേശന്‍

അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുകയെന്ന് മര്യാദയൊണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണം. സംഘടനാപരമായി എല്‍ഡിഎഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.സി.പി.എമ്മിന്റെ എടാ പോടാ ശൈലി മാറ്റണം. അതേസമയം പാലായില്‍ എല്‍.ഡി.എഫിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം അരൂരില്‍ വാശിയേറിയ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരെ ഇറക്കിയാണ് സി.പി.എമ്മിന്റെ കാല്‍നടജാഥകള്‍. പദയാത്രകളുമായി കോണ്‍ഗ്രസും മണ്ഡലത്തില്‍ സജീവമാണ്. എന്നാല്‍ സാമുദായിക ഘടങ്ങള്‍ കൂടി പരിഗണിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്.

അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ തിരക്കിലേക്ക് നീങ്ങുകയാണ് മുന്നണികള്‍. ചൊവ്വാഴ്ച എല്‍ഡിഎഫ് യോഗം ചേരും. നാളെയും മറ്റന്നാളുമായി യുഡിഎഫ് നേതാക്കള്‍ കൂടിയാലോചനകള്‍ നടത്തും. ബിജെപി കോര്‍ കമ്മിറ്റി ഇന്ന് ചേരും.