മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി വന്ന ലോറിക്ക് നേരെ ആക്രമണം

കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കു നേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം. മൈസൂരുവില്‍ നിന്ന് വന്ന ലോഡ് പൂര്‍ണമായും നശിപ്പിച്ചു. അതേസമയം, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കു ശേഷം നേരിയ ആശ്വാസമായി പച്ചക്കറി ലോറികള്‍ കേരളത്തില്‍ എത്തി തുടങ്ങി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കുടുങ്ങി കിടന്ന ലോറികളാണ് പുലര്‍ച്ചയോടെ എറണാകുളത്തും കോഴിക്കോടും എത്തിയത്.

സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ദേശീയ പാതയിലൂടെ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേയ്ക്ക് പ്രവേശിക്കാനുള്ള വഴി ബാരിക്കേഡുകള്‍ നിരത്തി പൂര്‍ണമായി അടച്ചു. അതിര്‍ത്തിയില്‍ പൊലീസ് വിന്യാസവും ശക്തമാക്കി. കേരളത്തില്‍ നിന്നെത്തുന്ന ചരക്ക് വാഹനങ്ങള്‍ പോലും വിപുലമായ പരിശോധനകള്‍ക്ക് ശേഷമാണ് അതിര്‍ത്തി കടക്കുന്നത്.