അവിഷിത്ത് ഇപ്പോള്‍ സ്റ്റാഫല്ല, ഒരു മാസം മുമ്പേ ഒഴിഞ്ഞു; വിശദീകരണവുമായി ആരോഗ്യമന്ത്രി

വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് അവിഷിത്ത് കെ ആര്‍ ഇപ്പോള്‍ സ്റ്റാഫല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യക്തപരമായ കാരണങ്ങളാല്‍ ഒരു മാസം മുമ്പേ ഇയാള്‍ തന്റെ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നു. അക്രമങ്ങളോടുള്ള പൊതുനിലപാട് തന്നെയാണ് ഈ വിഷയത്തിലും ഉള്ളത്. ഒരു അക്രമസംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നൊക്കെ പറയുന്നത് പൂര്‍ണമായും തെറ്റാണെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ അവിഷിത്തിന്റെ പങ്ക് അന്വേഷിക്കുമെന്നും ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും അക്രമിസംഘത്തിലുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇയാളെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം നേതൃത്വം പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫായിരുന്ന അവിഷിത്ത് കെ ആറിനെ പ്രതി ചേര്‍ത്തു. കേസില്‍ അറസ്റ്റിലായ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്ക് കല്‍പ്പറ്റ മുന്‍സിഫ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ ആറ് പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. 19 പേരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പരിസ്ഥിതിലോല പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.