പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്ന് വീണാ ജോര്‍ജ്; 'അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല'

ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും ലോക്സഭ തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കില്ലെന്ന് പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. വികസനവും ഒപ്പം നില്‍ക്കുന്നവരേയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുക. പ്രളയകാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞു. പ്രളയം മനുഷ്യനിര്‍മ്മിതമല്ല, അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് വീണ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വേകളെ മുഖവിലയ്‌ക്കെടുക്കുന്നില്ല. വനിതാ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് വനിതകളുടെ പിന്തുണയുണ്ട്. മണ്ഡലത്തിലെ വികസന വിഷയങ്ങളാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും വീണാജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് നടത്തിയ സര്‍വയില്‍ വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പ്രവചിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീണ പ്രതികരണം നടത്തിയിരിക്കുന്നത്. ആന്റോ ആന്റണിയും കെ. സുരേന്ദ്രനുമാണ് വീണയുടെ എതിരാളികള്‍.