സംവാദം പ്രഹസനം, ചീഫ് സെക്രട്ടറിയ്ക്ക് മീതെയുള്ള അധികാരകേന്ദ്രം ഏതാണെന്ന് വി.ഡി സതീശന്‍

കെ റെയില്‍ സംവാദം വെറും പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സില്‍വര്‍ ലൈന്‍ സംവാദം പ്രഹസനമാക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിച്ചു. സര്‍ക്കാരാണോ കെ റെയില്‍ കോര്‍പ്പറേഷന്‍ ആണോ സംവാദം നടത്തുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

ജോസഫ് സി മാത്യുവിനെ പരിപാടിയിലേക്ക് ക്ഷണിച്ചത് ചീഫ് സെക്രട്ടറിയാണ്. അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം ആരാണ് എടുത്തത്. സംസ്ഥാന ചീഫ് സെക്രട്ടറിയെ വരെ അപമാനിച്ചു. ചീഫ് സെക്രട്ടറിക്ക് മീതെയുള്ള അധികാര കേന്ദ്രം ഏതാണ് ? കെ. റെയില്‍ എം.ഡി യോ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ആരെങ്കിലും ചീഫ് സെക്രട്ടറിക്ക് മുകളിലാണോ എന്നും സതീശന്‍ ചോദിച്ചു. ജോസഫ് സി മാത്യുവിനെ ഭയപ്പെടുന്നത് കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത്.

കണ്ണൂര്‍ നടാലില്‍ സിപിഎം ഗുണ്ടകള്‍ സില്‍വര്‍ ലൈന്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. സ്ത്രീകളേയും പാവങ്ങളേയും ഉള്‍പ്പടെ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയാണ് ചെയ്തത്. സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗുണ്ടകളെ വച്ച് സിപിഎം അതിക്രമം നടത്തുകയാണ്. നന്ദിഗ്രാം തന്നെയാണ് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത്.

പദ്ധതി വിരുദ്ധസമരത്തെ പൊലീസിനേയും ഗുണ്ടകളേയും വച്ചാണ് സിപിഎം നേരിടുന്നത്. സമരക്കാരുടെ നാഭിക്ക് ചവിട്ടിയ പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തില്ല. പൊലീസിലെ ക്രിമിനലുകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. പൊലീസ്, ക്രിമിനലുകളെ സംരക്ഷിച്ചാല്‍ നാട്ടുകാര്‍ ക്രിമിനലുകളെ കൈകാര്യം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. ഡിപിആറില്‍ കുഴപ്പങ്ങളുണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടും തിരുത്താന്‍ തയ്യാറായിട്ടില്ല. പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ട് പോകും. എന്ത് ചെയ്താലും കല്ലുകള്‍ ഞങ്ങള്‍ പിഴുതുമാറ്റുക തന്നെ ചെയ്യുമെന്ന് സതീശന്‍ വ്യക്തമാക്കി.

കെ റെയില്‍ സമരക്കാരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പറയുന്ന എം വി ജയരാജന്‍ സംസ്ഥാനത്തെ പുതിയ പല്ല് ഡോക്ടറാണെന്നും സതീശന്‍ പരിഹസിച്ചു.