'കെ. റെയിലില്‍ മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതം': സമരം തുടരുമെന്ന്‌ വി ഡി സതീശന്‍

കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രി അടിസ്ഥാന രഹിത ആരോപണങ്ങളാണ് ഉന്നയിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പദ്ധതി നടപ്പിലാക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എവിടെ നിന്ന് കിട്ടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി വിഭവങ്ങള്‍ മധ്യകേരളത്തില്‍ നിന്ന് കിട്ടുമെന്നാണ് ഡിപിആറില്‍ പറഞ്ഞിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം പാതിവഴിയിലാണ്. സര്‍ക്കാരിന് കോഴയടിക്കുള്ള പദ്ധതിയാണ് ഇതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കെ റെയിലില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ് യുഡിഎഫിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. പദ്ധതിക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വിഡി സതീശന്‍ അറിയിച്ചു. ചൈനയില്‍ മഴ പെയ്താല്‍ കേരളത്തില്‍ കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും വി.ഡി സതീശന്‍ പറഞ്ഞു. ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചൈനയെ പിന്തുണയ്ക്കുന്ന സിപിഎമ്മിന്റെ നിലപാട് അപലപനീയമാണ്. രാജ്യത്തിന്റെ താല്‍പര്യമാണോ ചൈനീസ് താല്‍പര്യമാണോ വലുതെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

അതേ സമയം കണ്ണൂര്‍ സര്‍വകലാശാലയിലെ വിസി നിയമനത്തില്‍ ഗവര്‍ണര്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നു എന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തു തീര്‍പ്പല്ല തങ്ങളുടെ പ്രശ്‌നം. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണ്. അത് തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാകണം. കണ്ണൂര്‍ വിസിയെ പുറത്താക്കുകയോ രാജി വെക്കാന്‍ പറയുകയോ വേണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.