'പരാതികളിൽ മന്ത്രിമാർ ഇടപെടുന്നതാണോ സ്‌ത്രീപക്ഷം'; നിങ്ങള്‍ ഇരയ്ക്കൊപ്പം ആണോ അതോ വേട്ടക്കാര്‍ക്ക് ഒപ്പമാണോയെന്ന് മുഖ്യമന്ത്രിയോട് വി.ഡി സതീശൻ

കൊല്ലം കുണ്ടറയില്‍ എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന ഒത്തുതീര്‍പ്പാക്കാന്‍  മന്ത്രി ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ നിയമ സഭയില്‍ പ്രതിപക്ഷ ഭരണ പക്ഷ വാക്ക് പോര്. ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്‌ണുനാഥ് നൽകിയ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കുണ്ടറ സംഭവത്തിലെ പരാതിക്കാരി എന്‍സിപി നേതാവിന്റെ മകളും ആരോപണ വിധേയമായിട്ടുള്ളയാള്‍ എന്‍സിപിയുടെ മറ്റൊരു പ്രവര്‍ത്തകനുമാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍സിപി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തിന് നല്‍കിയ വിശദീകരണം.

എന്നാല്‍ മന്ത്രി ശശീന്ദ്രന്റെ ഇടപെടല്‍ പദവിക്ക് നിരക്കാത്തത് ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി. പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചു എന്ന പോലീസ് സ്റ്റേഷനില്‍ പരിഗണിക്കാനിരിക്കുന്ന പരാതി എങ്ങനെയാണ് നല്ല രീതിയില്‍ തീര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പരാതികളിൽ മന്ത്രിമാർ ഇടപെടുകയാണെന്നും ഇതോണോ സ്‌ത്രീപക്ഷമെന്നും സതീശൻ ചോദിച്ചു. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്തിരിക്കാന്‍ എകെ ശശീന്ദ്രന്‍ അര്‍ഹനല്ല. എന്ന് മുതലാണ് മന്ത്രിമാര്‍ക്ക് പരാതി പിന്‍വലിപ്പിക്കാനുള്ള ചുമതല നല്‍കിയത്. മുഖ്യമന്ത്രി ഇതിനായി മന്ത്രിമാര്‍ക്ക് അതിന് വല്ല ഉപദേശവും കൊടുത്തിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു.

എ കെ ശശീന്ദ്രനായുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള ലൈസന്‍സാണ് മുഖ്യമന്ത്രിയുടെ മറുപടി. ഈ സാഹചര്യത്തില്‍ സ്ത്രീധന പീഡന കേസുകള്‍ അദാലത്തില്‍ വച്ച് തീര്‍ക്കാനാകുമോ എന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.

Read more

പരാതി ലഭിച്ച് 22 ദിവസമായിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ ഇടാതിരുന്നത്. മന്ത്രി പരാതിക്കാരിയുടെ പിതാവിനെ മാത്രമല്ല പൊലീസിനേയും വിളിച്ചിട്ടുണ്ട്. നിങ്ങള്‍ ഇരക്കൊപ്പം ആണോ അതോ വേട്ടക്കാര്‍ക്ക് ഒപ്പമാണോ?. മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ മനസ്സിലായത് നിങ്ങള്‍ വേട്ടക്കാര്‍ക്കൊപ്പം ആണെന്നാണ്. ഇതാണോ നവോത്ഥാനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിയുടെ മറുപടി കണക്കിലെടുത്ത് സ്പീകര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും വാക്ക് ഔട്ട് ചെയ്തു.