സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സി.പി.എം നേതാക്കള്‍ക്ക് എതിരെ കേസെടുക്കണം: വി.ഡി സതീശന്‍

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വി ശ്രീരാമകൃഷ്ണനുള്‍പ്പെടെയുള്ള പലരുടെയും ചാപല്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെ എന്‍ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ച വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗവര്‍ണരും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവിധ ഗൗരവതരമായ ആരോപണങ്ങള്‍ മറയ്ക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ചിരിക്കുകയാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാന്‍ സ്വപ്ന വെല്ലുവിളിച്ചത്. കേസ് കൊടുത്താല്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു.

Read more

ഒറ്റയ്ക്ക് ഔദ്യോഗിക വസതിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയില്‍ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങള്‍ ശ്രീരാമകൃഷ്ണന്‍ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തില്‍ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങള്‍ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരിക്കെ ഓഫീസില്‍ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.