കയ്യുംകെട്ടി നോക്കി നിന്ന് പോലീസ്; വടയമ്പാടി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സംഘപരിവാര്‍ ആക്രമിച്ചു

വടയമ്പാടിയില്‍ സംഘര്‍ഷാവസ്ഥ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സംഘപരിവാര്‍ ആക്രമിച്ചു. സൗത്ത്‌ലൈവ് റിപ്പോര്‍ട്ട് അലക്‌സ്, ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ജീവന്‍, മീഡിയ വണ്‍ ന്യൂസ് സംഘം എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. മാവോയിസ്റ്റുകളെന്ന് ആക്രോശിച്ച് സംഘപരിവാര്‍ ഗുണ്ടകള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരടക്കം മൗനം പാലിച്ച് അക്രമികള്‍ക്ക് കുടപിടിക്കുകയായിരുന്നു.

കൂടാതെ കണ്‍വെന്‍ഷനെത്തിയ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. അമ്പതോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ദളിത് പ്രവര്‍ത്തകരെ ക്ഷേത്രത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. മുന്‍കരുതലെന്നോണം ദളിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴും സംഘപരിവാര്‍ കൊലവിളി നടത്തിയപ്പോള്‍ പൊലീസ് മൗനം പാലിക്കുകയാണ് ഉണ്ടായത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. സമരക്കാര്‍ക്കെതിരെ പൊലീസ് മോശമായ ഭാഷയാണ് ഉപയോഗിച്ചത്. അതേസമയം വര്‍ഗീയ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിനെ നിയന്ത്രിക്കാന്‍ പൊലീസും യാതൊന്നും ചെയ്തില്ല.

കൂടാതെ പ്രദേശത്തെ കടകളെല്ലാം നിര്‍ബന്ധപൂര്‍വ്വം പൊലീസ് അടപ്പിക്കുകയും. കടയ്ക്കകത്തുള്ളവരെ പിടിച്ച് പുറത്താക്കുകയും ചെയ്തു.

അതിനിടെ ദൂള്‍ന്യൂസ് റിപ്പോര്‍ട്ടറായ നിമിഷ ടോമിനെയും  ജംഷീന മുല്ലപ്പാട്ടിനെയും  പൊലീസ് എെഡി വേരിഫേക്കഷന്‍റെ പേര് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി.. എെഡി കാര്‍ഡില്‍ മാനന്തവാടി എന്ന് കണ്ടാണ് പൊലീസുകാര്‍ ജംഷീനയെ കൂട്ടിക്കൊണ്ടു പോയത്.