വടയമ്പാടി: അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു; ഇനി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക്

വടയമ്പാടി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക്. ഭജനമഠത്തെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ദളിത് ഭൂസമര സമിതി സംഘടിപ്പിച്ച ദളിത് ആത്മാഭിമാന സംഗമത്തിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്നാണ് സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ സമര സമിതി പ്രവര്‍ത്തകരെ മാത്രമാണ് അറസ്റ്റ് ചെയ്‌തെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

സംഗമത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്ന് മുന്നൂറോളം ദളിത് സംഘടനാ പ്രവര്‍ത്തകര്‍ എറണാകുളത്തെത്തിയിരുന്നു. ഇവരെ തടയുന്നതിനായി നാല്‍പതോളം സംഘപരിവാര്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. അതിനിടെ, സംഗമം നടത്താന്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ദളിത് സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതിനിടെ, സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

ദളിത് കുടുംബങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് വടയമ്പാടി ഭജനമഠത്തുള്ള ഒന്നര ഏക്കറോളം റവന്യൂ ഭൂമി എന്‍.എസ്.എസിന് പതിച്ച് നല്‍കിയതിനെതിരെയായാണ് പത്ത് മാസത്തോളമായി ദളിത് കുടുംബങ്ങള്‍ സമരം നടത്തുന്നത്. ഇതിനിടെ എന്‍.എസ്.എസ്. വക ക്ഷേത്രത്തില്‍ ഉത്സവത്തിന് തടസ്സമാണെന്ന് കാണിച്ച് സമരപന്തല്‍ പൊളിച്ച് നീക്കി. ഇതോടെയാണ് സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്.