കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസ്സുകള്‍ക്ക് അഭിവാദ്യങ്ങള്‍: കെ.കെ രമ

വടകരയില്‍ യുഡിഎഫ് വിജയത്തിലേക്ക് കുതിക്കവേ വോട്ടര്‍മാരെ അഭിനന്ദിച്ച് ആര്‍എംപി നേതാവ് കെ.കെ രമ. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസ്സുകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ നേരുന്നെന്ന് രമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

“കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍.” രമ കുറിപ്പില്‍ പറഞ്ഞു.

നിലവില്‍ വടകരയില്‍ കെ. മുരളീധരന് 70,606 വോട്ടിന്റെ ലീഡുണ്ട്. 4,53,604 വോട്ടുകളാണ് ഇവിടെ കെ. മുരളീധരന്‍ നേടിയിരിക്കുന്നത്. സിപിഎമ്മിന്റെ പി. ജയരാജന് 3,82,998 വോട്ടുകളാണ് കിട്ടിയിട്ടുള്ളത്. എന്‍ഡിഎയുടെ വി.കെ സജീവന് 67,934 വോട്ടുകളാണ് നേടിയിരിക്കുന്നത്.