വടകര കസ്റ്റഡി മരണം; പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല, അന്വേഷണ സംഘത്തിന് തിരിച്ചടിയായി കോടതി ഉത്തരവ്

വടകര സജീവന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയായി കോടതി ഉത്തരവ്. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഈ ഉത്തരവാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയായിരിക്കുന്നത്.

എസ്‌ഐ എം.നിജേഷ്, സിപിഒ പ്രജീഷ്, എഎസ്‌ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാസം 21ന് രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ വടകര സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്. 21ന് രാത്രി 11.30ഓടെ വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് വാക്കു തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് സജീവനെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദമാണെന്ന് ജില്ലാ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവത്തില്‍ നിജേഷിനെതിരെയും പ്രജീഷിനെതിരെയും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.