തടഞ്ഞ് പൊലീസ്, പി.സി ജോര്‍ജ് ഭീകരവാദിയല്ലല്ലോ അഭിപ്രായസ്വാതന്ത്ര്യമില്ലേ, പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

പി.സി.ജോര്‍ജിനെ കാണാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ എ.ആര്‍ ക്യാംപിന് മുന്നിലെത്തി. എന്നാല്‍ കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. രാജ്യദ്രോഹം ചെയ്യുന്നവര്‍ക്കും ആളുകളെ വെട്ടിയരിഞ്ഞ് കൊല്ലുന്നവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന ഭരണകൂടം ഇരട്ടമുഖമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി.സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്, പി.സി.ജോര്‍ജ് ഭീകരവാദിയല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ജോര്‍ജ് പറഞ്ഞതിനെ പിന്തുണക്കുകയാണോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

അഭിപ്രായസ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരാണ് സി.പി.എമ്മുകാരെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതേസമയം, വിദ്വേഷ പ്രസംഗവിവാദത്തില്‍ കസ്റ്റഡിയിലെടുത്ത മുന്‍ എം എല്‍ എ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നന്ദാവനം എ ആര്‍ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.

കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും. പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ എ.ആര്‍ ക്യാമ്പിന് പുറത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.