കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും നടത്തിയ ദുഷ്പ്രചാരണങ്ങള്‍ കൊണ്ടാണ് ബി.ജെ.പിക്ക് വോട്ടു ലഭിക്കാതെ പോയത്; മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമായെന്നും വി. മുരളീധരന്‍

കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ദുഷ്പ്രചാരണങ്ങളാണ് ബിജെപിക്ക് വോട്ടു നഷ്ടപ്പെടാനിടയാക്കിയതെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. സംസ്ഥാനത്ത് ഭീകരവാദികള്‍ ഉള്‍പ്പെടെയുള്ള മുസ്ളിങ്ങളുടെ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമായെന്നും മുരളീധരന്‍ പറഞ്ഞു.

“കേരളത്തിലെ ജനങ്ങള്‍ ആരെയും അയച്ചില്ലയെന്നത് നിരാശാജനകമായ കാര്യമാണ്. കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ദുഷ്പ്രചാരണങ്ങള്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ വലിയ അളവോളം വിജയം കണ്ടു.” ബി.ജെ.പിയുടെ പരാജയത്തിന്റെ കാരണം വിലയിരുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വോട്ടിന്റെ വിശദമായ കണക്കുകള്‍ വന്നാല്‍ അതുസംബന്ധിച്ച വിലയിരുത്തല്‍ നടത്തും. ബി.ജെ.പിയുടെ വോട്ടു ചോര്‍ന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോടുള്ള അമര്‍ഷം ജനങ്ങള്‍ പ്രകടിപ്പിച്ചത് കോണ്‍ഗ്രസിന് വോട്ടു നല്‍കിയാണ്.

“എസ്.ഡി.പി.ഐയുടെ പ്രസ്താവന വന്നു. മൂന്ന് മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഭീകരവാദികള്‍ ഉള്‍പ്പെടെയുള്ള മുസ്ലിങ്ങളുടെ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമായി.” തോല്‍വിയുടെ കാരണം വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.