മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കൾ; അപ്രിയസത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് വി.മുരളീധരൻ

വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. പാലാ ബിഷപ്പിന്റേത് വൈകാരികമായ അഭിപ്രായ പ്രകടനമല്ല.  മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരൻ കേന്ദ്രസർക്കാരിന് നർക്കോട്ടിക്ക് ജിഹാദിനെ കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്ന് അറിയിച്ചു.

ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ആളുകളെ തിരിച്ചറിയണം. കേരളത്തിലെ ക്രൈസ്തവ സമുദായത്തില്‍ മാത്രമല്ല,  കേരളത്തിലെ ഹിന്ദു സമീഹത്തിലും ഈ ആശങ്കകള്‍ കുറേക്കാലമായി ഉണ്ട്. അപ്രിയസത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയ കാലം കഴിഞ്ഞെന്ന് ജിഹാദികളെ പിന്തുണയ്‌ക്കുന്നവർ മനസിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. നർകോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

നാര്‍ക്കോട്ടിക് ജിഹാദ് പുതിയ വാക്കാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. ഐഎസ് അടക്കമുള്ള പല തീവ്രവാദ സംഘടകളുടെയും പ്രധാന വരുമാന മാര്‍ഗം ലഹരിക്കടത്താണെന്ന് ലോകത്തിലെ പല അന്വേഷണ ഏജന്‍സികളും പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ലഹരിക്കടത്ത് വര്‍ധിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.

കേരളത്തിലെ ക്രിസ്ത്യാനികളുടെ മൊത്തം പാര്‍ട്ടിയാണ് തങ്ങളെന്നാണല്ലോ കേരള കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ലവ് ജിഹാദ് വിഷയത്തില്‍ മുമ്പ് തുറന്നു പറഞ്ഞ ജോസ് കെ മാണി, പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.