ഉത്തരാഖണ്ഡ് പ്രതിനിധി സംഘം കേരളത്തില്‍; ലക്ഷ്യം ദുരന്ത നിവാരണ സംവിധാനങ്ങളുടെ പഠനം

കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സംഘം എത്തിയിരിക്കുന്നത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. മെയ് 25 വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍, ദുരന്ത നിവാരണത്തിലെ വികേന്ദ്രീകൃത ആസൂത്രണവും ഇടപെടലുകളും നടത്തുന്ന കേരള മാതൃക, ദുരന്ത ലഘൂകരണ നടപടികള്‍ എന്നിവ ചര്‍ച്ചയാകും.

നേരത്തേ കേരളം സന്ദര്‍ശിച്ച ലോക ബാങ്കിന്റെ വിദഗ്ധ സംഘം ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള സംസ്ഥാനത്തിന്റെ നടപടികളും പ്രകീര്‍ത്തിച്ച് കൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.