ഉത്ര കൊലപാതകം; സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ

അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമ്മ രേണുകയും സഹോദരി സൂര്യയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് എത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്നാണ് പുനലൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തത്.

Read more

സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മരിച്ച ഉത്രയുടെ സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്. ഇയാളെ അന്വേഷണസംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്വർണം മുഴുവൻ ഉത്രയുടേതെന്ന് തിരിച്ചറിഞ്ഞതായി ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി.