അടിയന്തര പ്രമേയം; നിയമസഭയില്‍ ഭരണ - പ്രതിപക്ഷ ഏറ്റുമുട്ടല്‍

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ അടുക്കളയില്‍ വച്ച് വേവിച്ച വിവാദമല്ലിത്. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ഒരു അജണ്ടയുമില്ല. മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ സ്വപ്നയുടെ മൊഴിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. അതൊക്കെ തെറ്റാണെങ്കില്‍ എന്തുകൊണ്ട് നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇക്കാര്യം ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യ മൊഴി നല്‍കിയതിന് ഗൂഢാലോചനക്ക് കേസ് എടുത്തത് ഇന്ത്യയില്‍ ആദ്യ സംഭവമായിരിക്കും. ആരോപണം വ്യാജമെങ്കില്‍ സെക്ഷന്‍ 499 പ്രകാരം വ്യാജ ആരോപണങ്ങളില്‍ നടപടിയെടുക്കുകയല്ലേ വേണ്ടത് അതില്ലാത്തതെന്തുകൊണ്ടാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

കേസിലൂടെ അവതാരങ്ങളുടെ ചാകര ഉണ്ടായി. സരിത്തിന്റെ ഫ്‌ളാറ്റിലേക്ക് കയറാന്‍ എന്താണ് പൊലീസിനെ പ്രേരിപ്പിച്ചത്. ഷാജ് കിരണിനെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്. അയാള്‍ പറയുമ്പോള്‍ സരിത്തിനെ പൊലീസ് പിടിക്കുന്നു. അയാള്‍ പറയുമ്പോള്‍ പൊലീസ് വിടുന്നു. രഹസ്യ മൊഴിക്ക് പിന്നാലെ സരിത്തിനെ വിജിലന്‍സ് തട്ടികൊണ്ട് പോയി. എന്താണ് ഇവിടെ നടക്കുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ രണ്ടാം എപ്പിസോഡിന് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി, പിസി ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘമാണെന്ന് എംഎല്‍എ വി ജോയ് പറഞ്ഞു. ഷാജ് കിരണ്‍ ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും ഒപ്പം ഇരിക്കുന്ന പടം ഉയര്‍ത്തി കാണിച്ചുകൊണ്ടായിരുന്നു ജോയ് പ്രതികരിച്ചത്.

സ്വപ്ന സുരേഷ്, ഷാജ് കിരണ്‍, എച്ച്.ആര്‍.ഡി.എസ്, അതിന്റെ ഡയറക്ടര്‍ ബിജു കൃഷ്ണന്‍, അഡ്വ. കൃഷ്ണരാജ്, പി.സി. ജോര്‍ജ് ഇതിനെല്ലാം ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം നന്ദകുമാര്‍ എന്നിവരാണ് സ്വര്‍ണക്കടത്ത് കേസിന്റെ രണ്ടാം എപ്പിസോഡിലെ അഭിനേതാക്കള്‍. ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കളും സരിതയുമാണ് ഈ കൂട്ടുകെട്ടിനെല്ലാം പിന്നിലെന്നും ഷാജ് കിരണ്‍ തങ്ങളുടെ ആരുടെയും സുഹൃത്തോ ദല്ലാളോ അല്ലെന്നും അദ്ദേഹം പറഞ്ഞു.