യൂണിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത വാര്‍ത്തയ്ക്കൊപ്പം കൊടുത്ത വിവാദ ചിത്രം; ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്‌.ഐ യൂണിയന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത ഉത്തരക്കടലാസ് എന്ന പേരില്‍ ആര്‍ട്സ് ഫെസ്റ്റ് രജിസ്ട്രേഷന്‍ ഫോമിന്റെ ചിത്രം ഒന്നാം പേജില്‍ പ്രധാന വാര്‍ത്തക്കൊപ്പം അച്ചടിച്ച സംഭവത്തില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തി മാതൃഭൂമി. മാതൃഭൂമി ന്യൂസ് ചാനലിലൂടെയാണ് ഖേദപ്രകടനം നടത്തിയത്.

ഉത്തരക്കടലാസ് എന്ന പേരില്‍ അച്ചടിച്ചു വന്നത് മറ്റൊരു ചിത്രമാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. യാതൊരു വിധത്തിലും ന്യായീകരിക്കാനാവുന്ന തെറ്റല്ല അത് എന്ന് അംഗീകരിക്കുന്നു.

യൂണിവേഴ്സിറ്റി കോളജുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മാതൃഭൂമി പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജുമായി ബന്ധപ്പെട്ട് വന്ന യഥാര്‍ത്ഥ വാര്‍ത്തകള്‍ മാത്രമാണ് ഇതുവരെ പത്രം നല്‍കിയതെന്നും തെറ്റായ ഒരു ചിത്രം അച്ചടിച്ചു എന്ന പേരില്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന എല്ലാ അക്രമങ്ങളേയും വെള്ളപൂശുന്ന നിലപാടാണ് ഇപ്പോള്‍ ഉള്ളതെന്നും അതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും മാതൃഭൂമി പറയുന്നു. ഈ വിഷയത്തില്‍ മാതൃഭൂമി വായനക്കാര്‍ക്കും ജനങ്ങള്‍ക്കുമൊപ്പമാണെന്നും മാതൃഭൂമി വിശദീകരണത്തില്‍ പറയുന്നു.

ഉത്തരമില്ലാത്ത ക്രമക്കേട് എന്ന തലക്കെട്ടിലാണ് മാതൃഭൂമി ഒന്നാം പേജില്‍ പ്രധാന വാര്‍ത്ത കൊടുത്തിരുന്നത്. എന്നാല്‍ ഈ ഉത്തരക്കടലാസിന്റെ പേരിലാണ് ഇപ്പോള്‍ പല വിധത്തിലുള്ള സംശയങ്ങള്‍ സോഷ്യല്‍ മീഡിയ ഉന്നയിച്ചത്.

പത്രത്തില്‍ നല്‍കിയിട്ടുള്ള ഷീറ്റില്‍ ലൈറ്റ് മ്യൂസിക്കിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്‌ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭൂമി നല്‍കിയിരുന്നത്.