യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ സാമ്പത്തിക തട്ടിപ്പ്; മാസ വരിസംഖ്യയായി പിരിച്ച തുകയില്‍ നിന്ന് മൂന്നര കോടി തട്ടിയതായി മുന്‍ പ്രസിഡന്റിന്റെ ആരോപണം; അന്വേഷണം നടക്കട്ടെയെന്ന് ജാസ്മിന്‍ ഷാ

നഴ്‌സുമാരുടെ സമരത്തിനടക്കം മുന്‍പന്തിയിലുണ്ടായിരുന്ന സംഘടന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ മൂന്നര കോടി രൂപയുടെ തട്ടിപ്പ് നടന്നതായി മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കി. നഴ്‌സുമാരില്‍ നിന്നും മാസ വരിസംഖ്യയായി പിരിച്ച തുകയില്‍ നിന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇയാള്‍ പരാതിയില്‍ പറയുന്നു.

യഎന്‍എയിലെ പ്രധാന ഭാരവാഹികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 59 ലക്ഷം രൂപ തിരിമറി നടത്തിയതായും, സംഘടന തന്നെ 62 ലക്ഷം രൂപ പിന്‍വലിച്ചതായും. മറ്റൊരു ക്രെഡിറ്റ് കാര്‍ഡിലേക്ക് 32 ലക്ഷം രൂപ പോയതായും കാണുന്നു. ഇതിന്റെ രേഖകള്‍ സഹിതമാണ് മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് പരാതി നല്‍കിയിരിക്കുന്നത്. സംഘടന അറിയാതെയാണ് ഇത്രയും വലിയ തിരിമറി നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇത്രയും ഭീമമായ തുക പിന്‍വലിച്ചത് നേതാക്കളുടെ അറിവോടെയാണെന്ന് സിബി പറയുന്നു. എന്നാല്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സംഘടനയുടെ പ്രധാന ഭാരവാഹികളുടെ പേര് പരാമര്‍ശിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മാസ വരിസംഖ്യയായി ഒരു നഴ്‌സില്‍ നിന്നും വാങ്ങുന്നത് 300 രൂപയാണ്. പന്ത്രാണ്ടായിരത്തില്‍ പരം അംഗങ്ങള്‍ സംഘടനയിലുണ്ട്. ഒരു വര്‍ഷം അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ വലിയ തുക എത്തുമെന്നും സിബി പറയുന്നു. കഴിഞ്ഞ സമരകാലത്ത് വിദേശത്തുനിന്നുള്ള നഴ്‌സുമാര്‍ വലിയ തുക സംഭാവനയായി കൈമാറിയിരുന്നു.

അതേസമയം, പരാതിക്ക് പിന്നില്‍ സംഘടനയില്‍ നിന്നും പുറത്താക്കിയ ആളാണെന്ന് യുഎന്‍എ വ്യക്തമാക്കി. പീഡനക്കേസും അനധികൃത സ്വത്ത് സമ്പാദനവും മൂലം പുറത്താക്കപ്പെട്ടയാളാണ് പരാതിക്ക് പിന്നില്‍. പൊലീസ് അന്വേഷണം നടക്കട്ടയെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. സിബി മുകേഷിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.