അനധികൃത ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കും; കടകംപള്ളി സുരേന്ദ്രന്‍

സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി രജിസ്ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ കായലുകളില്‍ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ് എന്നിരിക്കെ നിലവില്‍ ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒന്നിലധികം ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവും രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകളും ധാരാളമായുണ്ടെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

രജിസ്ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ തുറമുഖ വകുപ്പ് പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന ബോട്ടുകളുടെ സംരക്ഷണത്തിനായി സി.സി.ടി.വികാമറകള്‍ സ്ഥാപിക്കുകയും 15 വിമുക്ത ഭടന്മാരെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്യും.