ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ അപകടം: രണ്ടു മരണം, ഏഴു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ രണ്ടുപേർ മരിച്ചു. മാലകുളങ്ങര സ്വദേശി ബിനിൽ കുമാർ (23) സേലം സ്വദേശി സതീഷ് (28) എന്നിവരാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള മാരായമുട്ടം സ്വദേശി സുധിൻ (23), വെള്ളറട സ്വദേശി അജി (45) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അപകടം സംഭവിച്ച പാറമടക്ക് പഞ്ചായത്തിന്റെ അസുമതിയില്ലെന്നാണ് ആരോപണം. പാറപ്പൊട്ടിക്കുന്നതിനിടയില്‍ ഒരുഭാഗം അടര്‍ന്നു വീഴുകയായിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ ധര്‍മ്മകുടി സ്വദേശി സതീശ് (29)സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. സ്ഥലം എംഎല്‍എ ഭരതന്‍ അടക്കമുള്ളവര്‍ക്ക് പാറമട അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നേരത്തെ അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന കോറിയിലാണ് ഇപ്പോള്‍ അപകടമുണ്ടായിരിക്കുന്നത്. എന്നാല്‍ പുതിയ ഭരണ സമിതി വന്നതിനു ശേഷം പ്രവര്‍ത്തന അനുമതി നല്‍കുകയും പാറപൊട്ടിക്കല്‍ ശക്തമാക്കുകയുമായിരുന്നു. അലോഷി എന്നയാളുടേതാണ് പാറമട. മുന്‍പും ഇവിടെ അപകടം ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ മേഖലകളിലെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. 30 ഓളം പേരാണ് അപകട സമയത്ത് പാറമടയിൽ ജോലിയിലുണ്ടായിരുന്നത്.