ഉമ തോമസിനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു; ഒരാള്‍ക്ക് എതിരെ കേസ്‌

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ താേമസിനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ കേസ്. ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി. ജെബി മേത്തര്‍ എംപിയാണ് പോസ്റ്റിട്ട ആള്‍ക്കെതിരെ പരാതി നല്‍കിയത്.

വക്കം സെന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ഉടമയ്‌ക്കെതിരെയാണ് കേസ്. തൃക്കാക്കര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അക്കൗണ്ട് ഉടമ സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു. സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെന്നത് മലബാറിലെ ഒരു ഉപമയാണ്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന് താന്‍ തന്നെ കുറിച്ചും പറയാറുണ്ട്. പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. എന്നാല്‍ ക്ഷമ ചോദിക്കില്ലെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.