140 സീറ്റുകളില്‍ 123ലും ലീഡ് ചെയ്ത് യു.ഡി.എഫ്, ഇടതുപക്ഷം 16 ഇടത്ത് മാത്രം

17ാം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളം തൂത്തുവാരി യുഡിഎഫ്. കേരളത്തിലെ 123 നിയമസഭാ സീറ്റുകളിലാണ് യുഡിഎഫ് മുന്നിലെത്തിയത്. ഇതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റില്‍ വിജയിച്ച ഇടതുപക്ഷത്തിന് ജനപിന്തുണ സാങ്കേതികം മാത്രമായി.

ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേവലം 16 നിയമസഭ സീറ്റില്‍ മാത്രമാണ് ഇടതുപക്ഷം മുന്നിലെത്തിയത്. അതെസമയം എന്‍ഡിയ്ക്ക് കനത്ത നിരാശ സമ്മാനിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കേരളത്തില്‍ ആകെ മുന്നിലെത്താനായത് നേമം മണ്ഡലത്തില്‍ മാത്രം. മഞ്ചേശ്വരം, കാസര്‍ഗോഡ്, തൃശൂര്‍, അടൂര്‍, കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് രണ്ടാം സ്ഥാനത്തെത്താനായി.

ഇടുക്കി, തൃശൂര്‍, വയനാട്, തിരുവനന്തപുരം, പൊന്നാനി, മലപ്പുറം, എറണാകുളം, ആലത്തൂര്‍, കൊല്ലം, ചാലക്കുടി, മാവേലിക്കര, കോഴിക്കോട് എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തി. പത്തനംതിട്ടയിലും കോട്ടയത്തും ആറ്റിങ്ങലിലും, വടകരയിലും ഓരോ നിയമസഭാ സീറ്റില്‍ മാത്രമാണ് യുഡിഎഫ് പിന്നാക്കം പോയത്.

കാസര്‍കോട് ഏഴില്‍ നാലിടത്തും മുന്നിലെത്തിയിട്ടും ഉണ്ണിത്താന്‍ വിജയിക്കാന്‍ കാരണം മഞ്ചേശ്വരത്തും കാസര്‍കോട്ടും സതീഷ് ചന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുകൊണ്ടാണ്. കണ്ണൂരില്‍ ധര്‍മ്മടവും മട്ടന്നൂരും ഒഴികെ എല്ലായിടത്തും സുധാകരന്‍ മുന്നിലെത്തി. സിപിഎം ആകെ ജയിച്ച ആലപ്പുഴയില്‍ പോലും നാലിടത്ത് മുന്നിലെത്തിയത് ഷാനിമോള്‍ ഉസ്മാനാണ്. പി.ജയരാജനെന്ന വന്‍മരത്തിന് തലശ്ശേരിയില്‍ മാത്രമാണ് മുന്നിലെത്താനായത്. പലാക്കാട് നാലിടത്തും എല്‍ഡിഎഫ് മുന്നിലെത്തി.

പത്തനംതിട്ടയില്‍ അടൂര്‍ നിയമസഭാ സീറ്റില്‍ മുന്നിലെത്താനായത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാനുള്ളത്. ഇന്ത്യയില്‍ തന്നെ ഇടതുപക്ഷം അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. സിപിഐക്ക് കൈവശമുണ്ടായിരുന്ന തൃശൂര്‍ സീറ്റ് നഷ്ടപ്പെട്ടെങ്കിലും തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച രണ്ടിടത്തും ജയിച്ചു. സിപിഎം ബംഗാളിലും ത്രിപുരയിലും തുടച്ചുനീക്കപ്പെട്ടു.

കേരളത്തില്‍ ആലപ്പുഴ മാത്രമാണ് സിപിഎമ്മിന്റെ ആശ്വാസ തുരുത്തായി മാറിയത്.