ഡല്‍ഹിയില്‍ യു.ഡി.എഫ്, എം.പിമാര്‍ നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമം: കെ. സുരേന്ദ്രന്‍

സില്‍വര്‍ലൈന് എതിരെ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഈ പ്രതിഷേധത്തിലൂടെ എംപിമാരുടെ വിവരക്കേടാണ് തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന്റെ സുരക്ഷാ മേഖലയില്‍ പ്രകടനങ്ങള്‍ അനുവദിക്കില്ല. ഡല്‍ഹി പൊലീസിന് സില്‍വര്‍ലൈനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ കുറിച്ചോ അറിയില്ല. കേരളത്തില്‍ കാണിക്കുന്നത് പോലെ ഗേറ്റ് ചാടിക്കടക്കുന്ന പരിപാടിയൊന്നും പാര്‍ലമെന്റില്‍ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ്. ഇത് പരിസ്ഥിതിയെ നശിപ്പിക്കും സാമ്പത്തിക സ്ഥിതിയെ ബാധിക്കും. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യു ഡി എഫ് എംപിമാരെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്. മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്നാണ് രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍ , കെ മുരളീധരന്‍, ബെന്നി ബെഹനാന്‍, കെ ശ്രീകണ്ഠന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ ടി എന്‍ പ്രതാപന്‍ തുടങ്ങയവരെ പൊലീസ് കയ്യേറ്റം ചെയ്തത്.

ഹൈബി ഈഡന്റെ മുഖത്തടിക്കുകയും, ബെന്നിബഹ്നാന്റെ കോളറില്‍ പിടിച്ച് വലിക്കുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും രമ്യാ ഹരിദാസും പറഞ്ഞു. യു ഡി എഫ് എം പിമാരോട് തന്റെ ചേംബറില്‍ വന്ന് കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് എഴുതി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു.