'യോഗത്തിന് എത്തിയത് കൊലപാതകികളുടെ നേതാക്കൾ, അവരുമായി ചര്‍ച്ചയ്ക്ക് ഇല്ല'; സമാധാന യോഗത്തിൽ നിന്ന്​ യു.ഡി.എഫ്​ നേതാക്കൾ ഇറങ്ങിപ്പോയി

കണ്ണൂരിൽ ലീഗ്​ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൻറെ പശ്ചാത്തലത്തിൽ നടത്തിയ സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. രാവിലെ 11 മണിക്ക് കളക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ നിന്ന്​ പൊലീസ്​ ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച്​ യു.ഡി.എഫ്​ നേതാക്കൾ ഇറങ്ങിപ്പോയി​. സിപിഐഎമ്മാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി അറിയാം. കേസിലെ യാഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ അവര്‍ തയ്യാറാകുന്നില്ല. പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. യോഗത്തിനെത്തിയത് കൊലപാതകികളുടെ നേതാക്കളാണെന്നും അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും പറഞ്ഞുകൊണ്ടാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്.

ഡി.വൈ.എഫ്​.ഐ നേതാവ്​ ആയുധവിതരണം നടത്തി​യിട്ടും നടപടിയെടുത്തില്ല. സമാധാന​ യോഗത്തിനെത്തിയത്​ കൊലയാളികളുടെ നേതാക്കളെന്നും യു.ഡി.എഫ്​ നേതാക്കൾ ആരോപിച്ചു​. കടുത്ത പ്രക്ഷോഭത്തിലേക്ക്​ പോകുകയാണെന്നും അവർ മാധ്യമങ്ങളോട്​ പറഞ്ഞു.

Read more

അതേസമയം, സിപിഐഎം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ 21 മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 20ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. രാവിലെ പെരിങ്ങത്തൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച പാര്‍ട്ടി ഓഫീസുകള്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനും സന്ദര്‍ശിച്ചിരുന്നു. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നാണ് പാര്‍ട്ടി അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.