കാലു വാരിയ കാന്തപുരത്തിന് പണി കൊടുത്ത് മുസ്ലീം ലീഗ്; മര്‍കസ് സമ്മേളനം കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും.

Advertisement

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടത്തുന്ന കാരന്തൂര്‍ മര്‍കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ യു.ഡി.എഫ് തീരുമാനം. നാളെയാണ് മര്‍ക്കസ് റൂബി ജൂബിലി സമ്മേളനം ആരംഭിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കാന്തപുരം സ്വീകരിച്ച ഇടതുപക്ഷ നിലപാടും മുസ്ലീംലീഗിന്റെ കടുംപിടുത്തവുമാണ് ബഹിഷ്‌കരണ തീരുമാനത്തിലേക്ക് യു.ഡി.എഫിനെ എത്തിച്ചത്. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളോട് കാന്തപുരം നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. ആര്യാടന്‍ മുഹമ്മദുമായി കാന്തപുരം എക്കാലത്തും നല്ല അടുപ്പമാണ് പുലര്‍ത്തിയിരുന്നത്.

യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോഴൊക്കെ ആര്യാടന്‍ മുഹമ്മദിന്റ രാഷ്ട്രീയ സ്വാധീനം കാന്തപുരം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ തവണം നിലമ്പൂര്‍ പോലുള്ള നിയമസഭാ മണ്ഡലത്തില്‍ ആര്യാടന്‍ മുഹമ്മിദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചിട്ടും കാന്തപുരം ഇടതു സ്വതന്ത്രനായ അന്‍വറിനെ പിന്തുണക്കുകയായിരുന്നു. മണ്ണാര്‍ക്കാട് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായ അഡ്വ എന്‍. ഷംസുദ്ദീനെ പരാജയപ്പെടുത്താന്‍ കാന്തപുരം പരസ്യമായി ആഹ്വാനം ചെയ്യുകയും അണികള്‍ ശക്തമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. കാന്തപുരത്തിന്റെ ഈ ഇരട്ട മുഖത്തിനെതിരെ അന്നു തന്നെ യു.ഡി.എഫില്‍ വിമര്‍ശമുയര്‍ന്നു.

മുസ്ലീംലീഗ് നേതാക്കളാരും മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ലീഗിന്റേയും തീരുമാനം. കോണ്‍ഗ്രസിന്റെ പ്രാദേശിക ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്നത് യു.ഡി.എഫ് വിലക്കിയിട്ടില്ല. അതേ സമയം സംസ്ഥാന നേതാക്കളാരും സമ്മേളനത്തില്‍ പങ്കെടുക്കുകയില്ലെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പേരുകളാണ് പ്രോഗ്രാം നോട്ടീസിലുള്ളത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചില അസൗകര്യങ്ങളുണ്ടെന്നും അതു സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി ഇന്നു വയനാട്ടില്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കാന്തപുരത്തിന്റെ
ബി.ജെ.പി യുമായുള്ള അടുപ്പവും ബഹിഷ്‌കരണത്തിനു ആക്കം കൂട്ടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ബി.ജെ.പിയുമായി അടുപ്പം പുലര്‍ത്തുന്ന ഏക മു്സ്ലിം നേതാവാണ് കാന്തപുരം.

മുസ്ലീംലീഗ് നേതാക്കളായ മുന്‍ എം.എല്‍.എ സി മോയിന്‍കുട്ടി, സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ എന്നിവരെയാണ് കാന്തപുരം ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇവര്‍ അപ്പോള്‍ തന്നെ ക്ഷണം നിരസിക്കുകയായിരുന്നു്. അതിനാല്‍ ഇവരുടെ പേരുകള്‍ പ്രോഗ്രാം നോട്ടീസിലില്ല. നോട്ടീസില്‍ ലീഗ് നേതാക്കളുടെ പേരില്ലാത്തതിനെക്കുറിച്ചുളള ചോദ്യത്തിന് വരുമെന്ന് ഉറപ്പുള്ളവരുടെ പേര്‍ മാത്രമേ നോട്ടീസില്‍ നല്‍കിയിട്ടുള്ളൂവെന്നായിരുന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രതികരണം. ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നു, വരുമെന്നോ വരില്ലെന്നോ പറഞ്ഞിട്ടില്ല. വരണോ വരണ്ടയോ എന്ന് അവര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സമസ്തയുമായി അടുപ്പം പുലര്‍ത്തുമ്പോള്‍ തന്നെ കാന്തപുരവുമായി നല്ല ബന്ധം പുലര്‍ത്താന്‍ ലീഗ് എക്കാലത്തും ശ്രമിച്ചിരുന്നു. കാന്തപുരത്തിന്‍െ ആസ്ഥാനമായി മര്‍കസ് സമ്മേളനത്തില്‍ പലപ്പോഴായി ലീഗ് നേതാക്കളായ ഇ അഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ.എം.കെ മുനീര്‍, സി മോയിന്‍കുട്ടി, പി.കെ ഫിറോസ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഇ. അഹമ്മദും പി.കെ കുഞ്ഞാലിക്കുട്ടിയും കാന്തപുരമായി നല്ല അടുപ്പത്തിലാരുന്നു. സമസ്തയുടെ വിയോജിപ്പുണ്ടായിട്ടുപോലും മര്‍കസിന്റെ പുതിയ സംരംഭമായ കൈതപ്പൊയിലിലെ നോളജ് സിറ്റിയുടെ തടക്കല്ലിടല്‍ ചടങ്ങില്‍ മുസ്്ലിം ലീഗ് നേതാക്കള്‍ കൂട്ടത്തോടെ പങ്കെടുത്തിരുന്നു. 2013 ജൂണ്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട ചടങ്ങില്‍ ലീഗ് നേതാക്കളും അന്നത്തെ മന്ത്രിമാരുമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, വി കെ ഇബ്രാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവരും എംഎല്‍എമാരായ പി മോയിന്‍കുട്ടി, എം ഉമ്മര്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു.

പാണക്കാട് തങ്ങള്‍മാര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതുവഴിയും തീവ്രവാദ ആരോപണം ഉയരുന്നു സലഫി സംഘടനകളെ പരസ്യമായി പിന്തുണക്കുക വഴിയും സമസ്തയുമായി ഉണ്ടായ അകലം കുറക്കാന്‍ ഈ ബഹിഷ്‌കരണം സഹായിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.