വ്യാജ വീഡിയോ നിര്‍മ്മിച്ചു തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ല; കെ. സുധാകരന്‍

വ്യാജ വീഡിയോ നിര്‍മിച്ചു തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണെന്നും ഇത്തരം ഒരു വീഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

‘വ്യാജ വീഡിയോ നിര്‍മിച്ചവരെയും അതു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും പൊലീസും മടിക്കുന്നു. ഇത്തരം ഒരു വീഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന്റെ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്.’

‘വീഡിയോ പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് രാഷ്ട്രീയം കളിക്കുകയാണ്. എല്‍ഡിഎഫിനു വികസനമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ ചര്‍ച്ച ചെയ്യാനില്ലാത്തതു കൊണ്ടാണ് വീഡിയോയെക്കുറിച്ചു പ്രചരണം നടത്തുന്നത്. പരാജയ ഭീതിയാണ് സിപിഎമ്മിനെ ഇത്തരം ഒരു വീഡിയോ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.’

‘വൈകാരിക വിഷയമായി ഉയര്‍ത്തി തൃക്കാക്കരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കം വ്യാജ വീഡിയോയ്ക്കു പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം’ സുധാകരന്‍ ആവശ്യപ്പെട്ടു.