ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിനെ പ്രതിപക്ഷം പിന്തുണച്ചതിന് പിന്നില്‍ മുസ്‌ളീം ലീഗിന്റെ സമ്മര്‍ദ്ദം, കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ലീഗ് നിലപാടിന് ഒപ്പം

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണ്ണറെ മാറ്റുന്നതിനെ എതിര്‍ക്കേണ്ടെന്ന നിലപാട് മുസ്‌ളീം ലീഗിന്റെ സമ്മര്‍ദ്ധം മൂലമാണ് യു ഡി എഫ് കൈക്കൊണ്ടതെന്ന് വ്യക്തമാകുന്നു. ഗവര്‍ണ്ണറെ ഏതെങ്കിലും വിധത്തില്‍ അനുകൂലിക്കുന്ന നിലപാട് കോണ്‍ഗ്രസ് നിയമസഭയില്‍ കൈക്കൊണ്ടാല്‍ തങ്ങള്‍ക്ക് അതിനെ എതിര്‍ക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ലീഗ് നേതൃത്വം നല്‍കിയിരുന്നു. അങ്ങിനെ വന്നാല്‍ യു ഡി എഫിന്റെ കെട്ടുറപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നത് കൊണ്ടാണ് ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണ്ണറെ നീക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലന്ന് നിയമസഭയില്‍ ഇന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ കൊണ്ടവരുന്ന ബദല്‍ സംവിധാനം സര്‍വ്വകലാശാലകളെ മാര്‍ക്‌സിസ്റ്റുവല്‍ക്കരിക്കാനാണെന്ന് പറഞ്ഞ് ഗവര്‍ണ്ണറെ നീക്കുന്ന ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. സര്‍വ്വകലാശാലകളില്‍ സംഘിവല്‍ക്കരണത്തിനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നതെന്ന സര്‍ക്കാര്‍ വാദം പ്രതിപക്ഷം അംഗീകരിക്കുകയാണ് ഫലത്തില്‍ ഇതിലൂടെ ഉണ്ടായത്. അതേ സമയം സി പി എം നടത്തുന്ന മാര്‍ക്‌സിസ്റ്റ് വല്‍ക്കരത്തെയും എതിര്‍ക്കും. അത് കൊണ്ട് ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുളള ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കും. വളരെ ദുര്‍ബലമായ രാഷ്ട്രീയ നിലപാടാണ് ഇതെങ്കിലും മുസ്‌ളീം ലീഗിന്റെ സമ്മര്‍ദ്ധെത്തുടര്‍ന്ന് ഈ നിലപാട് കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാവുകയായിരുന്നു.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും മുസ്‌ളീം ലീഗിനൊപ്പമായിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവിടുത്തെ സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനും ഭരണഘടനാസ്ഥാപനങ്ങളെ സംഘിവല്‍ക്കരിക്കാനും ബി ജെ പി നിയോഗിച്ച ഗവര്‍ണ്ണര്‍ശ്രമിക്കുന്നുവെന്ന ആരോപണം പലതവണ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉയര്‍ത്തിയിരുന്നു.

അത് കൊണ്ട് തന്നെ ഗവര്‍ണ്ണര്‍ക്ക് അനുകൂലമായി വരുന്ന ഒരു നിലപാടും കൈക്കൊള്ളരുതെന്ന് എ ഐ സി സി നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടെ ഫലമായാണ് ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ എതിര്‍ക്കേണ്ടെന്ന് നിലപാടിലേക്ക് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എത്തിയത്.