"സ്വപ്നയെ വിളിക്കാന്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടു"; സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത് വിട്ട് കെ.ടി ജലീൽ

യു.എ.ഇ കോണ്‍സല്‍ ജനറല്‍ സ്വപ്നയെ വിളിക്കാന്‍ മന്ത്രി കെ.ടി ജലീലിനോട് ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടു. യുഎഇ കോണ്‍സല്‍ ജനറല്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കെ.ടി ജലീല്‍ തന്നെയാണ് പുറത്തു വിട്ടത്.

സ്വർണക്കടത്തു പ്രതി സ്വപ്‍ന സുരേഷിനെ വിളിച്ചത് യു.എ.ഇ കോൺസുലേറ്റിന്റെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സംസാരിക്കാനാണെന്ന് മന്ത്രി കെ.ടി.ജലീൽ വിശദീകരിച്ചിരുന്നു. സ്വപ്നയുമായി ഒമ്പത് തവണയോളം ഫോണ്‍ ചെയ്തതിന്‍റെ രേഖകള്‍ പുറത്തു വന്നതോടെയാണ് മന്ത്രി കെ. ടി ജലീല്‍ വിശദീകരണവുമായി രംഗത്തു വന്നത്. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇതോടൊപ്പമാണ് സ്‌ക്രീന്‍ഷോട്ടുകളും വെളിയിൽ വിട്ടത്.

Read more

റമസാൻ മാസത്തെ ഭക്ഷണ കിറ്റ് വിതരണത്തെ കുറിച്ച് സംസാരിക്കാനാണ് വിളിച്ചത്. മെയ് 27- ന് കോൺസലേറ്റ് ജനറലിന്റെ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സ്വപ്‍നയെ വിളിച്ചത്. റമസാന്‍ ഭക്ഷണകിറ്റുകള്‍ ഉണ്ടെന്ന് കാണിച്ചാണ് യു.എ.ഇ കോണ്‍സല്‍ ജനറലിൽ നിന്ന് സന്ദേശം വന്നതെന്നും അതിനുള്ള സജ്ജീകരണങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സ്വപ്നയുമായി ബന്ധപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടത് കോൺസൽ ജനറൽ ആണെന്നും അദ്ദേഹം പറഞ്ഞു.