പ്രതിഭയില്ലാത്ത പോസ്റ്ററിൽ പിണറായിയും സുധാകരനും മാത്രം; കായംകുളം സി.പി.എമ്മില്‍ പ്രതിഷേധം

കായംകുളത്ത് സി.പി.എമ്മിൽ വീണ്ടും വിഭാഗീയതയെന്ന് ആക്ഷേപം. മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് സി.പി.ഐ(എം) കായംകുളം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്ററാണ് ആക്ഷേപത്തിന് വഴിവച്ചിരിക്കുന്നത്.

നാളെ നടക്കാനിരിക്കുന്ന മുട്ടേല്‍ പാലം ഉദ്ഘാടനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും അഭിവാദ്യമര്‍പ്പിച്ച് ഏരിയാ കമ്മറ്റിയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ സ്ഥലം എം.എല്‍.എ യു പ്രതിഭയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്ന് ഏരിയാ കമ്മറ്റിയുടെ പേജില്‍ പ്രതിഭയെ അനുകൂലിക്കുന്നവർ പ്രതിഷേധം അറിയിച്ചു. നിയമസഭാ സീറ്റ് മോഹിക്കുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന് ആരോപിച്ചാണ് പ്രതിഭയെ പിന്തുണയ്ക്കുന്നവര്‍ രംഗത്തെത്തിയത്.

Image may contain: 3 people, text that says

പോസ്റ്റര്‍ വിവാദമായതോടെ പഴയ പോസ്റ്റര്‍ പിന്‍വലിച്ച് പ്രതിഭയയെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പോസ്റ്റ് ചെയ്തു. എട്ടു കോടി രൂപ ചിലവില്‍ നിര്‍മിച്ച പാലം നാളെ വൈകിട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് മുട്ടേല്‍ പാലം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പോസ്റ്ററില്‍ നിന്ന് യു പ്രതിഭയെ ഒഴിവാക്കിയത് വിഭാഗീയതയുടെ സൂചനയാണെന്നാണ് ആക്ഷേപം. നേരത്തെ കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഭയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടത്തിയ വിമര്‍ശനം വിവാദമായിരുന്നു.