ശബരിമലയില്‍ എത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചയച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആന്ധ്രാസ്വദേശികളായ യുവതികളെ പ്രായം പരിശോധിച്ച ശേഷമാണ് പൊലീസ് തിരിച്ചയച്ചത്.

ഞായറാഴ്ചയാണ് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടത്തിനായി ശബരിമല നട തുറന്നത്. പമ്പ ബേസ് ക്യാമ്പില്‍ വെച്ചാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയ വിവരം പൊലീസിന് മനസ്സിലായത്. തുടര്‍ന്ന് വനിതാ പോലീസ് ഓഫീസര്‍മാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു.

ഇരുവര്‍ക്കും പ്രായം 50 വയസ്സിന് താഴെയാണെന്ന് മനസ്സിലായതോടെ പൊലീസ് ശബരിമലയിലെ സാഹചര്യങ്ങളെ കുറിച്ച് ഇവരെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ ഇരുവരും മടങ്ങി പോകാന്‍ തയ്യാറായി.