പിന്‍വാതില്‍ നിയമനം: പ്രതിപക്ഷവും ഭരണപക്ഷവും ചേരി തിരിഞ്ഞ് ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനത്തിന്റെ ആദ്യ ദിവസം ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയതായിരുന്നു. പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഭരണപക്ഷം തടയാന്‍ ശ്രമിച്ചതാണ് ബഹളത്തില്‍ കലാശിച്ചത്.

പിന്‍വാതില്‍ നിയമനത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. പിഎസ്സിയേയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനേയും നോക്കുകുത്തിയാക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാല്‍ നിയമങ്ങളെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണ പ്രചരണം നടക്കുന്നു. അതിശയോക്തിയും അതിവൈകാരികതയും ചേര്‍ത്ത് അവതരിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികളോട് അനീതി ചെയ്‌തെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ കാലം മുതല്‍ തന്നെ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കള്‍ ജോലിക്കായി നിര്‍ദേശിച്ച കത്തുകളും എം ബി രാജേഷ് സഭയില്‍ വായിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങള്‍ നടന്നുവെന്ന് മന്ത്രി സഭയെ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ മുതല്‍ ഇതുവരെ ഇടത് സര്‍ക്കാര്‍ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 18000 കൂടുതലാണിത്. ബോര്‍ഡും കോര്‍പറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടു. കൊവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പിഎസ് സി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു.

14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ വേണ്ടിയുള്ള ബില്‍ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ അനാവശ്യമായി ഇടപെടുന്നു, വിസിമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവി വത്കരണം നടത്താന്‍ ശ്രമിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഉന്നയിക്കുന്നത്.
ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ലീഗിന് എതിര്‍പ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും. തരൂര്‍ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്. പ്രതിപക്ഷത്ത് അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അതിനെ ആയുധമാക്കാനാണ് സര്‍ക്കാര്‍ നീക്കം.