മറൈന്‍ ഡ്രൈവിലെ 'സദാചാര ചൂരല്‍ പ്രയോഗത്തെ' നേതൃത്വം പിന്തുണച്ചില്ല; ശിവസേനയില്‍ കൂട്ടരാജി

ശിവസേനയുടെ എറണാകുളം ഘടകത്തില്‍നിന്ന് കൂട്ടരാജി. മറൈന്‍ ഡ്രൈവിലും മറ്റും തുടര്‍ച്ചയായി നടത്തി വന്ന “സദാചാര ചൂരല്‍പ്രയോഗ” ഇടപെടലുകളില്‍ നേതൃത്വം ഒപ്പം നിന്നില്ലെന്ന ആരോപണം ഉയര്‍ത്തിയാണ് ശിവസേനയില്‍നിന്ന് സംസ്ഥാന രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അണികളും കൂട്ടമായി കൊഴിഞ്ഞു പോയത്.

മറൈന്‍ ഡ്രൈവിലത്തിയ കമിതാക്കളെ ചൂരലിന് അടിച്ചോടിച്ച ശിവസേനയുടെ നടപടി ഏറെ വിവാദങ്ങള്‍ ഉയര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ച ഉണ്ടാക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗമായ ടി.ആര്‍. ദേവന്‍ രാജിവെച്ചവരില്‍ പ്രമുഖനാണ്.

മറൈന്‍ ഡ്രൈവിലും മറ്റും കാമുകി കാമുകന്മാര്‍ ഒന്നിച്ചിരിക്കുന്നത് സംസ്‌ക്കാരത്തിന് എതിരാണെന്നും പെണ്‍കുട്ടികളെ “സംരക്ഷിക്കേണ്ടത്” പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന വാദവും ഉയര്‍ത്തിയാണ് ശിവസേനക്കാര്‍ ചൂരലുമായി എത്തി കമിതാക്കളെ തല്ലിയോടിച്ചത്. ഇതിനെ സദാചാര ഗുണ്ടായിസമെന്ന് മാധ്യമങ്ങള്‍ അഭിസംബോധന ചെയ്തപ്പോള്‍ സംസ്‌ക്കാര സംരക്ഷണമെന്നായിരുന്നു ശിവസേനയുടെ ഭാഷ്യം.

മറൈന്‍ ഡ്രൈവിലുണ്ടായ ശിവസേനയുടെ ചൂരല്‍ പ്രയോഗത്തിന് പിന്നാലെ പൊലീസ് ഇടപെടുകയും ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വാര്‍ത്താ ചാനലുകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചും പത്രങ്ങളില്‍ വന്ന ചിത്രങ്ങളില്‍നിന്ന് ആളുകളെ തിരിച്ചറിഞ്ഞുമായിരുന്നു പൊലീസ് ശിവസേനക്കാരെ അറസ്റ്റ് ചെയ്തത്.

Read more

സംസ്ഥാന സമിതിയുടെ അറിവോടെയും ആഹ്വാനപ്രകാരവും നടത്തിയ പരിപാടിയായിട്ടും പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ തങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനോ ജാമ്യത്തില്‍ ഇറക്കാനോ നേതൃത്വം ഇടപെട്ടില്ലെന്ന് രാജിവെച്ചവര്‍ ആരോപിക്കുന്നു. “സംസ്‌ക്കാരം” സംരക്ഷിക്കാന്‍ തങ്ങള്‍ തുടര്‍ന്ന് നടത്തിയ പ്രവൃത്തികളെ പിന്തുണയ്ക്കാനും സംസ്ഥാന നേതൃത്വം പിന്തുണച്ചില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു. ശിവസേനയില്‍നിന്ന് കൂട്ടരാജി വെച്ചവര്‍ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.