പെട്രോള്‍ തീര്‍ന്ന് ഇനി പെരുവഴിയില്‍ കിടക്കണ്ട; ഒറ്റ ഫോണ്‍കോളില്‍ പമ്പ് നിങ്ങളുടെ അടുത്തെത്തും

വണ്ടിയില്‍ പെട്രോള്‍ തീര്‍ന്ന് ഇനി ഒരിക്കലും പെരുവഴിയില്‍ കിടക്കേണ്ടി വരില്ല. ഇന്ധനം വാങ്ങാനായി വണ്ടി ഉന്തി തള്ളി പെട്രോള്‍ പമ്പില്‍ എത്തിക്കേണ്ട ആവശ്യവുമില്ല. ഒരൊറ്റ ഫോണ്‍കോളിലൂടെ പെട്രോള്‍ പമ്പ് നിങ്ങളുടെ അടുത്തെത്തും. ഇത് കേട്ടാല്‍ ആദ്യമൊന്നു വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത് വരികയാണ്.

പുണെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീ പോസ്റ്റുമായി ചേര്‍ന്ന് ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ വഴിയായിരിക്കും പമ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി പ്രത്യേക ആപ്പും നിര്‍മിച്ചിട്ടുണ്ട്. റീ പോസ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഈ ആപ്പ് വഴിയാകും ഇന്ധനവില്‍പ്പന.

പദ്ധതിയുടെ ഭാഗമായി 6000 ലിറ്റര്‍ ഡീസല്‍ സംഭരിക്കാവുന്ന ടാങ്കര്‍ലോറി കഴിഞ്ഞദിവസം മലപ്പുറത്തെത്തിച്ചു. ഏറെ സുരക്ഷാസംവിധാനങ്ങളോടെയാണ് ഇത് നിരത്തിലിറങ്ങുന്നത്. ടാറ്റയുടെ ആള്‍ട്ര 0104 ടാങ്കര്‍ ലോറിയാണിത്. രാജ്യത്തെ ആറാമത്തെ ടാങ്കറാണിത്. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പെട്രോള്‍ പമ്പ് നിയന്ത്രിക്കാം.