ബാർകോഴ കേസിന് പിന്നിൽ ചെന്നിത്തല, ഉമ്മൻ ചാണ്ടിക്ക് ഇക്കാര്യം അറിയാമായിരുന്നു; അന്വേഷണ റിപ്പോർട്ട് പുറത്ത്

മുൻ മന്ത്രി കെ.എം മാണിക്കെതിരായി ഉയർന്ന വന്ന ബാർകോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ​ഗൂഢാലോചനയാണെന്ന് അന്വേഷണ റിപ്പോർട്ട്.

കോൺഗ്രസ് ഐ ഗ്രൂപ്പ് കെഎം മാണിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ബാർകോഴ കേസുമായി ബന്ധപ്പെട്ട് കേരളാ കോൺ​ഗ്രസ് എം 2016ലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെയാണ് സിഎഫ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പാർട്ടി പുറത്ത് വിടുകയായിരുന്നു.

അടൂർ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഗൂഢാലോചനയിൽ പങ്കുണ്ട്. പിസി ജോർജ്ജ്, ആർ ബാലകൃഷ്ണപിള്ള, ഫ്രാൻസിസ് ജോർജ്ജ് എന്നിവരും ഗൂഢാലോചനയുടെ ഭാഗമായെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

ജേക്കബ് തോമസും ബിജു രമേശും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും മുണ്ടക്കയത്തെ സർക്കാർ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read more

ഉമ്മൻചാണ്ടിയെ അധികാരത്തിൽനിന്നും താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാർകോഴ ആരോപണത്തിന് പിന്നിൽ ഉണ്ടായിരുന്നു. ഈ ആവശ്യമുന്നയിച്ച് ചെന്നിത്തല മാണിയെ നേരിട്ടുവന്ന് കണ്ടു. എന്നാൽ മാണി വഴങ്ങിയില്ല. തുടർന്നാണ് മാണിക്കെതിരെ നീക്കം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.