പൊലീസിലെ ദാസ്യപ്പണി വിവാദത്തില്‍ ഡെപ്യൂട്ടി എസ്എപി കമാന്‍ഡാന്റിന് സ്ഥലം മാറ്റം; നടപടി ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്

Gambinos Ad
ript>

പൊലീസ് ദാസ്യപ്പണി വിവാദത്തില്‍ പേരൂര്‍ക്കട മുന്‍ എസ്എപി കമാന്‍ഡാന്റ് പി വി രാജുവിന് സ്ഥലം മാറ്റം. തൃശൂരിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത്. നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയത്.

Gambinos Ad

നേരത്തെ ക്യാമ്പ് ഫോളോവേഴ്സ് കേരള പൊലീസിലെ അടിമപ്പണിക്കെതിരെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു. മുന്‍ എസ്എപി ഡെപ്യൂട്ടി കമാന്‍ഡ് പി.വി രാജുവിനെതിരെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരുന്നത്. ടൈല്‍സ് ഒട്ടിക്കാനുള്‍പ്പെടെ അടിമപ്പണിക്ക് കൊണ്ടുപോയെന്ന് ക്യാമ്പ് ഫോളോവേഴ്സ് പരാതിയില്‍ പറയുന്നു. നാല് ജീവനക്കാരെ ഇതിനായി നിയോഗിച്ചെന്നും പരാതിയിലുണ്ട്.

എഡിജിപി സുധേഷ് കുമാറിന്റെ അടിമപ്പണിക്കെതിരെ എസ്എ പി ക്യാമ്പിലെ പൊലീസുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരുന്നു. പിന്നാലെ മുന്‍ എസ്എപി കമാന്‍ഡന്റ് പിവി രാജുവിന്റെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്സ് ദാസ്യപ്പണിയെടുക്കുന്നതിന്റെ വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പ് ഫോളോവേഴ്സ് പിവി രാജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദിച്ചതിനു പിന്നാലെയാണ് കൂടുതല്‍ അടിമപ്പണികള്‍ പുറത്തു വരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിക്കുന്നതും തീറ്റിക്കുന്നതും എല്ലാം പൊലീസുകാരാണ്. പൊലീസിനെക്കൊണ്ട് അടിമപ്പണി എടുപ്പിച്ച സുധേഷ് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

നേരത്തെ സംസ്ഥാനത്ത് പൊലീസുകാരുടെ ദാസ്യവൃത്തി വിവാദമായിരിക്കെ, ഡിജിപി ലോക്നാഥ് ബെഹ്റയോടൊപ്പം ജോലി ചെയ്യുന്ന 36 പൊലീസുകാരെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. സുരക്ഷാ ചുമതല ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നവരില്‍ 11 പേര്‍ ക്യാമ്പ് ഫോളോവര്‍മാരാണ്. ഇവരെ തിരിച്ച് വിളിക്കണമെന്നാണ് ആസോസിയേഷന്‍ ആവശ്യപ്പെടുന്നത്. വിഷയം വിവാദമായതോടെ ചിലരെ മടക്കി അയച്ചിട്ടുണ്ടെങ്കിലും അധിക പേരും തുടരുകയാണ്.

വി ഐ പികളുടെ കൂടെയുള്ള ജോലി ഒരു വിഭാഗം പൊലീസുകാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ തന്നെ പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ മന്ത്രിമാര്‍ മുന്‍മന്ത്രിമാര്‍ എന്നിവരോടൊപ്പമുള്ള ജോലികളും ചോദിച്ച് വാങ്ങുന്നവരുണ്ട്.
മുമ്പ് ടോമിന്‍ ജെ തച്ചങ്കരി എഡിജിപി ആയിരിക്കുമ്പോഴാണ് ക്യാമ്പ് ഫോളോവര്‍മാരടക്കമുള്ളവരുടെ കാര്യത്തില്‍ കണക്കെടുപ്പ് നടന്നത്. ഇത്തരത്തില്‍ 3200 പേരുണ്ടെന്നാണ് അന്ന് കണ്ടെത്തിയിരുന്നതെങ്കിലും ഡിജിപിയ്ക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ യാതൊരു വിധ നടപടിയുമുണ്ടായില്ല.

കണക്കെടുപ്പിന് വകുപ്പില്‍ നിന്ന യാതൊരുവിധ സ്ഥിരീകരണവും ലഭിച്ചിരുന്നുമില്ല. ജോലി ചെയ്യാതെ വര്‍ഷങ്ങളായി ശമ്പളം കൈപറ്റുന്ന ഒരു ഡിവൈഎസ്പിയെ അന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുമ്പ് അസുഖം വന്നുവെന്ന കാരണത്തില്‍ മെഡിക്കല്‍ ലീവെടുത്ത് മുങ്ങുകയായിരുന്നു ഇയാള്‍. എന്നാല്‍ ഇതുപോലെ ഒട്ടനവധി തട്ടിപ്പുകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയെങ്കിലും നടപടിയുണ്ടായില്ല.