കേരളത്തിൽ ഓരോ പഞ്ചായത്തിലും വിനോദ സഞ്ചാര കേന്ദ്രം: നിയമസഭയില്‍ മുഹമ്മദ് റിയാസ്

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും തുടങ്ങുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പ്രചാരണം നടത്തും. 2025 ഓടെ 20 ലക്ഷം വിനോദ സഞ്ചാരികളെ കേരളത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ സ്മാരകങ്ങള്‍ കോർത്തിണക്കി വിനോദ സഞ്ചാര പദ്ധതികള്‍ ആവിഷ്‌കരിക്കും. തീര്‍ത്ഥാടന വിനോദ സഞ്ചാര പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും. ഹൗസ് ബോട്ട്, ഹോം സ്റ്റേ ജീവനക്കാർ, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ്റ് ബസ്സുകളിലെ ജീവനക്കാര്‍ എന്നിവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ജൂലൈ 15 നുള്ളില്‍ വാക്‌സിന്‍ നല്‍കാനാണ് ശ്രമം. കോവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസം മേഖലയില്‍ 33,675 കോടി നഷ്ടമുണ്ടായതായും മന്ത്രി അറിയിച്ചു.