കോളജ് വിദ്യാർത്ഥിനിക്ക് എതിരെ പീഡനശ്രമം; പ്രതി ജൂഡോ ചാമ്പ്യൻ, ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കും

മലപ്പുറം കൊണ്ടോട്ടി കൊട്ടൂക്കരയിൽ കോളജ് വിദ്യാർത്ഥിനിയെ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാ യ 15 കാരൻ ജില്ലാതല ജൂഡോ ചാമ്പ്യനെന്ന് പൊലീസ്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കുമെന്നും ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് പറഞ്ഞു.

പ്രതി പത്താം ക്ലാസ് വിദ്യാർത്ഥിയാണെന്നും ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പിതാവിന്റെ സാന്നിദ്ധ്യത്തിൽ പ്രതിയുടെ ചോദ്യംചെയ്യൽ പൂർത്തിയായിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. തിങ്കളാഴ്‌‌ച‌ ഉച്ചയ്‌ക്ക് കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. കൈകൾ കെട്ടിയിരുന്നു, ഷാൾ പെൺകുട്ടിയുടെ വായ്ക്കുള്ളിൽ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

പീഡനശ്രമം ചെറുത്തപ്പോൾ കല്ലു കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. തെളിവായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ട്.

Read more

പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിത്സ തേടി. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്തു നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയുണ്ടായി.