ടോം വടക്കന് സീറ്റ് നല്‍കിയേക്കും; സംസ്ഥാന നേതൃത്വത്തിന്റെ സാധ്യത പട്ടികയില്‍ മാറ്റം നിര്‍ദേശിച്ച് കേന്ദ്ര നേതൃത്വം

എ ഐസിസി വക്തവായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കേരളത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അടിമുടി മാറ്റത്തിന് സാധ്യത. സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച സാധ്യത പട്ടികയില്‍ മാറ്റം നിര്‍ദേശിച്ച് കേന്ദ്ര നേതൃത്വം രംഗത്ത് വന്നതായിട്ടാണ് റിപ്പോര്‍ട്ട്. ടോം വടക്കന്റെ പേരില്ലാതെയാണ് സംസ്ഥാന നേതൃത്വം പട്ടിക തയ്യാറാക്കിയത്. കേന്ദ്രത്തില്‍ നിന്നും നേരിട്ട് ടോം വടക്കന് മികച്ച സീറ്റ് ലഭിക്കുന്ന രീതിയില്‍ പട്ടിക മാറ്റാന്‍ നിര്‍ദേശിച്ചതായിട്ടാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഇതോടെ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ അടിമുടി മാറ്റം വരുമെന്ന് ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളോട് നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര നേതൃത്വം ഈ നിര്‍ദേശം നല്‍കിയത്. ഇതോടെ താത്പര്യമില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിന് ടോം വടക്കന് സീറ്റ് നല്‍കേണ്ടി വരും.

തൃശൂരിലാണ് ടോം വടക്കന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഈ സീറ്റ് തന്നെ ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ടിക്കറ്റില്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ടോം വടക്കന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഇതിന് സാധിച്ചില്ല.

Read more

മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കറിയത് എന്നത് ശ്രദ്ധേയമാണ്. ഇത്തവണയും കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാത്ത സാഹചര്യത്തില്‍ ബിജെപിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള നീക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു