സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥരീകരിച്ചു. തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ സംസ്ഥാനത്ത് 295 പേർക്ക് രോഗം സ്ഥരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 14 പേർക്ക് കൂടി രോഗം ഭേദമായി.

വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്സും ഇന്ന് രോഗം ഭേദമായവരിൽ ഉണ്ട് എന്നത് സന്തോഷം നൽകുന്ന വർത്തയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും രോഗം ഭേദമായവരിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതുവരെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച 206 പേർ വിദേശത്തു നിന്നും വന്നവരാണ്. സംസ്ഥാനത്ത് ആകെ 1.66 ലക്ഷം പേർ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 767 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.

Read more