സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കോവിഡ്-19; രണ്ടുപേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതിൽ ഒരാൾ ​ഗുജറാത്തിൽ നിന്നാണ് വന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ കാസർഗോഡും, 5 പേർ ഇടുക്കിയിലുമാണ്. രണ്ട് പേർ കൊല്ലം ജില്ലയിലും, തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോർട്ട് ചെയ്തതായി വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

286 പേ‍‍ർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 256 പേ‍ർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,65,934 പേ‍ർ ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,65,297 പേ‍ർ വീടുകളിലും 643 പേ‍ർ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8456 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 7622 എണ്ണം നെ​ഗറ്റീവാണ്.

ഇന്നു സ്ഥിരീകരിച്ചതടക്കം ഇതുവരെ രോ​ഗബാധിതരായ 200 പേ‍ർ വിദേശത്തു നിന്നും വന്നതാണ്. അതിൽ ഏഴ് പേ‍ർ വിദേശികളാണ്. രോ​ഗികളുമായി സമ്പ‍ർക്കം ബാധിച്ച 76 പേ‍ർക്ക് രോ​ഗം പകർന്നു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോ​ഗികളുടെ ഫലം നെ​ഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെ​ഗറ്റീവായിട്ടുണ്ട്.