ടൈറ്റാനിയം അഴിമതി; സി.ബി.ഐ നിലപാട് അങ്ങേയറ്റം നിരാശാജനകം: ഇ. പി ജയരാജന്‍

ടൈറ്റാനിയം അഴിമതി കേസ് ഏറ്റെടുക്കില്ലെന്ന സി ബി ഐ നിലപാട് അങ്ങേയറ്റം നിരാശാജനകമാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസ് ഏറ്റെടുക്കാനാകില്ലെന്ന നിലപാടില്‍ ദുരൂഹതയുണ്ട്. കേസ് ഒഴിവാക്കാന്‍ ബാലിശമായ വാദങ്ങളാണ് സി ബി ഐ ഉന്നയിക്കുന്നത്. സംസ്ഥാന ഖജനാവിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയ അഴിമതി അന്വേഷിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചത്.

തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡ് (ടി ടി പി എല്‍) മലിനീകരണ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിച്ചതിലും യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതിലും കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണം ഉയര്‍ന്നിട്ട് ഒന്നര പതിറ്റാണ്ടിലധികമായി. 2005- ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഖജനാവില്‍ നിന്ന് 280 കോടിയോളം മുടക്കി പദ്ധതി കൊണ്ടുവന്നത്. ഇതില്‍ 68 കോടി രൂപ തട്ടിച്ചുവെന്നാണ് പരാതി. ഫിന്‍ലന്‍ഡിലുള്ള കമ്പനിക്ക് ടെണ്ടര്‍ ക്ഷണിക്കാതെ കരാര്‍ നല്‍കിയത് വഴിയാണ് വെട്ടിപ്പ് നടന്നതെന്ന് പറയുന്നു. വിജിലന്‍സ് അന്വേഷിച്ച കേസ് 2019- ല്‍ എല്‍ ഡി എഫ് സര്‍ക്കാരാണ് സി ബി ഐയ്ക്ക് വിട്ടത്. തീരുമാനം വൈകിച്ച സി ബി ഐ ഇപ്പോള്‍ കൈയൊഴിഞ്ഞതായി അറിയിക്കുകയായിരുന്നു.

കൂട്ടിലടച്ച തത്തയാണ് സി ബി ഐ എന്ന പരാതി നേരത്തേയുണ്ട്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. യു ഡി എഫ് ഉന്നതര്‍ പ്രതികളായ കേസില്‍ നിന്ന് സി ബി ഐ ഒഴിവായത് ചില അവിശുദ്ധ കൂട്ടുകെട്ടുകളുടെ സൂചനയാണ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എ വെള്ളക്കടലാസില്‍ പരാതി എഴുതി നല്‍കിയപ്പോള്‍ അന്വേഷണം തുടങ്ങിയവരാണ് സി ബി ഐ. അഴിമതിക്കാരെ തുറുങ്കിലടക്കാന്‍ നടപടി സ്വീകരിക്കാത്ത സി ബി ഐ നടപടി ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസത്തിന്റെ കണിക പോലും ഇല്ലാതാക്കുന്നതാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.