ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ച സംഭവം: മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍

യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കല്‍ ടോബി, അരുണ്‍ലാല്‍ പി എസ്, വിജികുമാര്‍ ഗോപകുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹന പരിപാലനത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് നടപടി.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. അറുപതോളം യാത്രക്കാരുമായി പോയ ബസിന്റെ ടയറായിരുന്നു ഊരിപ്പോയത്.

ടയര്‍ ഇളകി മാറിയതോടെ വലിയ വേഗത്തിലല്ലാതിരുന്ന ബസ് മറ്റ് വാഹനങ്ങളില്‍ ഇടിക്കാതെ ഡ്രൈവര്‍ നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു. ഊരിപ്പോയ ടയര്‍ ഡിവൈഡറില്‍ തട്ടി നിന്നത് വലിയ അപകടം ഒഴിവാക്കി.

Read more

സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മെക്കാനിക്കുകള്‍ക്ക് ബസ് പരിപാലനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്.