മഞ്ചേശ്വരത്തു നടന്നത് കള്ളവോട്ട് തന്നെ; ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ലെന്നും ടിക്കാറാം മീണ

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനിടെ നടന്നത് കള്ളവോട്ടു തന്നെയെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43-ാം ബൂത്തില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് നബീസ എന്ന സ്ത്രീ പിടിയിലായത്. അവരുടെ പേരില്‍ ഐ.പി.സി 171-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ പൊലീസിന് കൈമാറിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നബീസയുടെ ഭര്‍ത്താവ് മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിംഗ് നടത്തില്ലെന്നും ആറ് മണിവരെ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു. റീ പോളിംഗ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

എന്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍.എസ്.എസ് സമദൂര നിലപാട് മാറ്റി ശരിദൂര നിലപാടെടുത്തത് അപകടമുണ്ടാക്കിയെന്ന ടിക്കാറാം മീണയുടെ പരാമര്‍ശത്തിന് എതിരെയാണ് വക്കീല്‍ നോട്ടീസ്.