കോളജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത ടിക് ടോക് താരം അറസ്റ്റില്‍

കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. ടിക്ടോകില്‍ തുടങ്ങി റീല്‍സിലൂടെ താരമായി മാറിയ ആളാണ് വിനീത്.സമൂഹ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സ്് ഇയാള്‍ക്കുണ്ട് കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

 

ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായിട്ടാണ് പോലീസ് വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. സ്വകാര്യ ചാറ്റുകള്‍ അടക്കം റെക്കോര്‍ഡ് ചെയ്ത് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശല്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

കലാരംഗത്തുള്ളവരേയും സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് നല്‍കും. നിരവധി ഫോളോവേഴ്‌സ് ഉള്ളതുകൊണ്ട് തന്നെ പെണ്‍കുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയില്‍ വീഴും. പിന്നീടാണ് ഇയാള്‍ തനിസ്വരൂപം പുറത്തെടുക്കുക. ഇങ്ങനെയാണ് പലരും ഇയാളുടെ വലയില്‍ വീണതെന്നാണ് വിവരം. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.