തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും; പൂരം 10-ന്

വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിന് നാളെ കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. മെയ് പത്തിനാണ് പൂരം.

പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ 9നും 10.30ക്കും ഇടയിലാണ് കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും.

10.30ക്കും 10.55നും ഇടയിലാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ കൊടിയേറുന്നത്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൊടികൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും.

തൃശൂര്‍പ്പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനും ഇത്തവണ അനുമതി ലഭിച്ചിട്ടുണ്ട്. കുഴിമിന്നല്‍, അമിട്ട്, മാലപ്പടക്കം എന്നിവ ഉപയോഗിക്കാം. എന്നാല്‍ ഇതൊഴികെയുള്ള മറ്റു വസ്തുക്കളൊന്നും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. മെയ് എട്ടിന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. 11ന് പുലര്‍ച്ചെയാണ് പ്രധാന വെടിക്കെട്ട്.

Read more

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ചടങ്ങുകള്‍ നടത്താന്‍ എന്നാണ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരെയും പൂരത്തിന് പങ്കെടുപ്പിച്ചിരുന്നില്ല. ഇത്തവണ ആളുകള്‍ക്കും പ്രവേശനമുണ്ടാകും.